ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തുടര്‍ച്ചയായി സ്‌കൂളില്‍ പോവാതെ ഒത്തു കിട്ടിയത് 1987 ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായിരുന്നു. നാദാപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരവും ദീര്‍ഘവുമായ ലീഗ്-സി.പി.എം സംഘര്‍ഷം നടന്നത് അന്നായിരുന്നു. വെട്ടേറ്റ് ആശുപത്രിയില്‍ കിടന്നിരുന്ന (പിന്നീട് മരണപ്പെട്ട) വാരിയംകണ്ടി കുഞ്ഞഹമ്മദ് ഹാജിയുടെ ആരോഗ്യനില താഴുന്നതിനും ഉയരുന്നതിനുമനുസരിച്ച് കടകളുടെ ഷട്ടറുകള്‍ താഴുകയും പൊങ്ങുകയും ചെയ്ത, സ്‌കൂളിലെ പിരിയഡുകള്‍ കുറയുകയും കൂടുകയും ചെയ്ത ആ നാളുകള്‍ ഏത് നാദാപുരത്തുകാരനും ഓര്‍ക്കുന്നുണ്ടാവും. രാവിലെ മുതല്‍ പത്രത്തിന്റെ വരവും കാത്ത് വീട്ടില്‍ ഒന്നിച്ചുകൂടുന്ന അയല്‍വാസികള്‍, അവരുടെ വിശകലനങ്ങള്‍, ബോംബ്കഥകളും വെട്ടുകഥകളും... വാഹനങ്ങള്‍ വരാത്ത, പുഴയോരത്തുള്ള ഞങ്ങളുടെ വീട്ടിനുമുന്നിലെ കുറ്റിക്കാട്ടില്‍ പോലും ബോംബ് പെറുക്കാന്‍ പൊലീസുകാര്‍ വന്നു പോയിക്കൊണ്ടിരുന്നു.ലീഗ്‌രാഷ്ട്രീയത്തിന്റെ ജീര്‍ണതകളെക്കുറിച്ച ഈ ലേഖകന്റെ ചില നിഗമനങ്ങളെ വിമര്‍ശിച്ച് ഫെബ്രുവരി 27 ഞായറിന് യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ 'ചന്ദ്രിക' പത്രത്തില്‍ ലേഖനമെഴുതി. തീവ്രവാദത്തിനും സാമുദായിക അതിവൈകാരികതക്കുമെതിരായ ഐതിഹാസിക പോരാട്ടത്തില്‍ മുസ്‌ലിംലീഗ് അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന മഹത്തായ സംഭാവനകളെക്കുറിച്ചും അതിന് പാരവെക്കാന്‍ ഞാനടക്കമുള്ള 'തുരപ്പന്മാര്‍' നടത്തുന്ന പണികളെക്കുറിച്ചുമാണ് അദ്ദേഹത്തിന്റെ ഉത്കണ്ഠകള്‍. അങ്ങനെ തീവ്രവാദത്തിനെതിരായ യൂത്ത്‌ലീഗിന്റെ പിന്മടക്കമില്ലാത്ത പോരാട്ടത്തെക്കുറിച്ച് സംസ്ഥാന അധ്യക്ഷന്റെ സൈദ്ധാന്തിക പ്രബന്ധം അച്ചടിച്ചുവന്ന അതേ ദിവസം തന്നെയാണ് ബോംബ് നിര്‍മാണത്തിനിടെ പിടഞ്ഞു ചാമ്പലായ അഞ്ച് യുവ ലീഗുകാരെക്കുറിച്ച വാര്‍ത്തകള്‍ 'ചന്ദ്രിക'യൊഴിച്ചുള്ള മലയാള പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിധി വല്ലാത്തൊരു കോമാളി വേഷക്കാരന്‍ തന്നെ!ബോംബും ബോംബേറും നാദാപുരത്തിന്റെ അവിഭാജ്യ ഘടകമായിട്ടു കാലമേറെയായി. ഇതിനെ കേവലം ലീഗ്-സി.പി.എം രാഷ്ട്രീയ സംഘര്‍ഷമായി കാണുന്നത് പൂര്‍ണമായും ശരിയല്ല. നാദാപുരത്ത് ലീഗ് എന്നാല്‍ മാപ്ലാരുടെ പാര്‍ട്ടിയാണ്. സി.പി.എം തിയ്യന്മാരുടെ പാര്‍ട്ടിയും. അതായത്, ഞാള്യാളും ഓല്യാളും. (ഞാള്യാള്‍=ഞങ്ങളുടെ ആള്‍. ഓല്യാള്‍=അവരുടെ ആള്‍). ഒരുതരം ഗോത്രപ്പോരിന്റെ ദീര്‍ഘപാരമ്പര്യമുണ്ടിതിന്. സമൂഹത്തിലെ ആഢ്യവിഭാഗമായിരുന്ന മാപ്ലാരുടെ ഫ്യൂഡല്‍രീതികള്‍ക്കെതിരെ കര്‍ഷകത്തൊഴിലാളി/കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ വഴി തെറ്റിയ ഒരു തുടര്‍ച്ച ഇതില്‍ കാണാം. ഒപ്പം ഗള്‍ഫ് ബൂമിനുശേഷം മുസ്‌ലിംകളുടെ ജീവിതത്തിലുണ്ടായ അഭൂതപൂര്‍വമായ സാമ്പത്തികാഭിവൃദ്ധിയും അതിന്റെ പളപളപ്പും അഹങ്കാരവും സൃഷ്ടിക്കുന്ന സാമൂഹിക അസ്വാരസ്യങ്ങളും. ഇത് രണ്ടും തിരിച്ചറിയാതെ, ബോംബ് പൊട്ടുന്ന മുറക്ക് നാദാപുരം ടി.ബിയില്‍ ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി പിരിഞ്ഞത് കൊണ്ട് നാദാപുരത്ത് സമാധാനം പുലരില്ല.രണ്ട് സമുദായങ്ങള്‍ കാലങ്ങളായി രണ്ട് സമാന്തര രേഖകളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പത്ത് കഴിഞ്ഞ് ഫറോക്കില്‍ പഠിക്കാന്‍ പോയപ്പോള്‍ പെരുന്നാള്‍ ആശംസകളര്‍പ്പിച്ചു കൊണ്ടുള്ള ഡി.വൈ.എഫ്.ഐ ബോര്‍ഡുകള്‍ കണ്ട് ശരിക്കും അമ്പരന്നു പോയിരുന്നു. 'ഓല്യാളു'ടെ പാര്‍ട്ടി 'ഞാള്യാളു'ടെ പെരുന്നാളിന് ആശംസ നേരുക ഒരു നാദാപുരത്തുകാരന് ആശ്ചര്യകരം തന്നെയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ഈദാശംസാബോര്‍ഡും യൂത്ത് ലീഗിന്റെ ഓണാശംസാബോര്‍ഡും നിങ്ങള്‍ക്ക് നാദാപുരത്ത് കാണാന്‍ കഴിയില്ല. തലമുറ തലമുറ കൈമാറി വരുന്ന വംശീയമായ ഈ സങ്കുചിതത്വങ്ങളെ പൊട്ടിച്ചെറിയാതെ നാദാപുരത്ത് നമുക്ക് നല്ല നാളുകള്‍ പ്രതീക്ഷിക്കാന്‍ വയ്യ.ഏതാനും വര്‍ഷം മുമ്പ് തെരുവമ്പറമ്പ്, പാറക്കടവ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എഫ്.ഡി.സി.എയുടെ ആഭിമുഖ്യത്തില്‍ ജ.വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നാദാപുരത്ത് ഒരു സമാധാന ശ്രമം നടന്നിരുന്നു. അന്ന് തെരുവമ്പറമ്പില്‍ നടന്ന പൊതുയോഗത്തില്‍ യശഃശരീരനായ കെ.മൊയ്തു മൗലവി വേദിയില്‍ വെച്ച്, മുലകുടി ബന്ധത്തില്‍ തനിക്ക് ഒരു തിയ്യസഹോദരിയുണ്ടെന്നും അവളിപ്പോഴും തന്റെ സഹോദരിയാണെന്നും പ്രഖ്യാപിച്ചു. നാദാപുരത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരു ഇടിവെട്ട് പ്രഖ്യാപനം തന്നെയായിരുന്നു അത്. വേദിയിലുള്ള കൃഷ്ണയ്യര്‍ മൗലവിയോട് ചോദിച്ചു: 'അങ്ങ് ഈ പറഞ്ഞത് കാര്യം തന്നെയോ'? മൗലവി പറഞ്ഞു: 'അതേ'. എങ്കില്‍ ഞാനിത് കിട്ടുന്ന വേദികളിലൊക്കെ പറഞ്ഞു കൊണ്ടിരിക്കും എന്ന് കൃഷ്ണയ്യര്‍ പ്രഖ്യാപിച്ചു. അകന്ന് പോയ ഹൃദയങ്ങളെ ഒരു മാറിടബന്ധം കൊണ്ട് കൂട്ടിയിണക്കാനുള്ള ശ്രമമായിരുന്നു മൊയ്തു മൗലവി അന്ന് നടത്തിയത്. പക്ഷേ, അത്തരം ശ്രമങ്ങള്‍ വ്യാപകമായോ ആസൂത്രിതമായോ ഇരുപക്ഷത്ത് നിന്നും ഉണ്ടായില്ല. ടി.ബിയില്‍ യോഗം കൂടി പിരിയുന്നതിന് പകരം രണ്ട് സമുദായങ്ങളെയും ചേര്‍ത്ത് നിര്‍ത്താന്‍ ആത്മീയവും സാംസ്‌കാരികവുമായ ഇത്തരം ശ്രമങ്ങളാണ് നാദാപുരത്ത് ഉണ്ടാവേണ്ടത്. മതപണ്ഡിതന്മാര്‍ക്കും സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും ഇതില്‍ ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയും.വര്‍ഗ രാഷ്ട്രീയവും വര്‍ഗീയരാഷ്ട്രീയവും തമ്മിലുളള വേര്‍തിരിവെന്താണെന്ന് അണികളെ പഠിപ്പിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. അണികള്‍ക്കുമേല്‍ അവര്‍ക്ക് ശാസനാധികാരമുണ്ട് എന്നതു മാത്രമാണ് ലീഗില്‍നിന്ന് സി.പി.എമ്മിനെ വ്യത്യസ്തമാക്കുന്നത്. അണികള്‍ക്കിടയില്‍ ആശയപരവും സാംസ്‌കാരികവുമായ ഉണര്‍വുകള്‍ സൃഷ്ടിക്കുന്ന എന്തെങ്കിലും പദ്ധതികള്‍ ലീഗിനുമില്ല. അല്ലെങ്കിലും നേതാക്കന്മാരുടെ വഷളന്‍ചെയ്തികള്‍ക്ക് കാവല്‍ നില്‍ക്കുക, വിയോജിക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്തി നികൃഷ്ടമായി വേട്ടയാടുക എന്നിവയല്ലാതെ അടുത്ത കാലത്തായി ആശയപരമായി എന്തു മുന്‍കൈയാണ് കേരളത്തില്‍ ലീഗിന്റെ ഭാഗത്തു നിന്നുണ്ടായത്? സംസ്ഥാനതലത്തിലെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ നാദാപുരത്തെ കാര്യം പറയേണ്ടതില്ലല്ലോ. കുഴപ്പമുണ്ടാവുമ്പോള്‍ തിരിഞ്ഞുനോക്കാത്ത ഭീരുക്കള്‍ എന്ന വിമര്‍ശം ചെറുപ്പക്കാര്‍ക്കിടയില്‍ പ്രാദേശിക ലീഗ് നേതൃത്വത്തെക്കുറിച്ചുണ്ട്. അതിനാല്‍ തന്നെ നേതാക്കന്മാരെ അനുസരിക്കുന്നത് വലിയ കാര്യമായി അവര്‍ കരുതുന്നില്ല. ഇപ്പോള്‍ അഞ്ച് യുവാക്കളെ കുരുതി കൊടുത്ത ശേഷം അവരൊന്നും ഞങ്ങളുടെ പ്രവര്‍ത്തകരല്ല എന്നാണ് ലീഗ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവാന്മാരായ ആ യുവാക്കളുടെ കുടുംബങ്ങളുടെ നെഞ്ചകം കീറുന്ന വഞ്ചനാത്മകമായ വര്‍ത്തമാനം എന്നല്ലാതെ ഇതിനെക്കുറിച്ച് എന്താണ് പറയുക?കഴിഞ്ഞ ദിവസം യൂത്ത്‌ലീഗ് ശരീരങ്ങള്‍ ചിതറിത്തെറിച്ച കുന്നിന്റെ അടുത്ത്തന്നെയുള്ള മറ്റൊരു കുന്നില്‍ കഴിഞ്ഞ ഡിസംബറില്‍ ഏതാനും സി.പി.എം ശരീരങ്ങളും പാതിവെന്തു കരിഞ്ഞിരുന്നു. മരണം സംഭവിക്കാത്തത് കാരണം അധികം വിവാദമായില്ലെന്ന് മാത്രം. നാടിന്റെ പുരോഗതിക്ക് സംഭാവന നല്‍കേണ്ട യുവശരീരങ്ങളെ പരസ്‌പരം ചോരചിന്തി മാന്തിപ്പിളര്‍ക്കുന്നതില്‍ നാദാപുരത്ത് രണ്ട് കൂട്ടരും സമന്മാരാണ്. 'നാദാപുരത്തുകാര്‍ക്ക് സമാധാനം വേണ്ടെങ്കില്‍ ഞങ്ങള്‍ക്കായിട്ട് അത് കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ പരസ്യമായി പറഞ്ഞത് ഏതാനും നാള്‍ മുമ്പു മാത്രമാണ്. അദ്ദേഹം പറഞ്ഞത് ശരി തന്നെ. വലിയൊരു പ്രദേശത്തെ ഓരോ ചലനവും മുഴത്തിനു മുഴം പിന്തുടര്‍ന്ന് നടപടിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞുകൊള്ളണമെന്നില്ല. നാട്ടുകാരുടെ ഭാഗത്തുനിന്ന് അല്‍പം കൂടി ഗൗരവത്തിലുള്ള ശ്രമമുണ്ടാവണം. എങ്കില്‍ മാറ്റങ്ങളുണ്ടാവുമെന്നതിന് നാദാപുരത്തു നിന്ന്തന്നെ മാതൃകകളുണ്ട്. മുമ്പ് നാദാപുരം കലാപങ്ങളില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കാറുള്ളത് വാണിമേലില്‍ ആയിരുന്നു. '87ലെ കലാപത്തില്‍ മാത്രം നാല് പേര്‍ അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇന്ന് നാദാപുരത്ത് എവിടെ കുഴപ്പം നടന്നാലും വാണിമേല്‍ സാമാന്യേന സമാധാനത്തോടെയാണ് കഴിയുന്നത്. അവിടെ നടന്ന വിദ്യാഭ്യാസപരവും സാംസ്‌കാരികവും മതപരവുമായ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ്. നിരന്തരമായ കുഴപ്പങ്ങളും അതിനെത്തുടര്‍ന്ന് അനാഥമാകുന്ന കുടുംബങ്ങളും ഒടുങ്ങാത്ത നിയമനടപടികളുമെല്ലാം ആ നാട്ടുകാരില്‍; പ്രത്യേകിച്ച് പ്രാദേശിക രാഷ്ട്രീയനേതൃത്വത്തില്‍, സൃഷ്ടിച്ച മടുപ്പും അതിന് ഒരു കാരണമാണ്. കണ്ട് പഠിക്കാത്തവര്‍ കൊണ്ടു പഠിച്ചത് പോലെ.മാതൃകയാവേണ്ട ഉത്തമ സമൂഹം എന്നാണ് ഖുര്‍ആന്‍ മുസ്‌ലിംകളെക്കുറിച്ച് പറയുന്നത്. നാദാപുരത്തിന്റെ സാമൂഹികപശ്ചാത്തലത്തില്‍ അല്‍പം കൂടി ഉയര്‍ന്ന് ചിന്തിക്കാനും സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ മാതൃകാപരമായ നിലപാടെടുക്കാനും സാധിക്കുന്നുണ്ടോ എന്ന് മുസ്‌ലിം മതനേതൃത്വം ശ്രദ്ധിക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ക്കിടയിലെ മതപരമായ ഖണ്ഡനമണ്ഡനങ്ങളുടെ കേരള ആസ്ഥാനമാണിന്ന് നാദാപുരം. നാദാപുരം ഖണ്ഡനം എന്നത് മതനിഘണ്ടുവിലെ പുതിയൊരു പദമായി മാറിയിരിക്കുന്നു. അറപ്പുളവാക്കുന്ന ഈ പരമ്പരപ്പോരിനിടിയില്‍ നാദാപുരത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കാന്‍, അവരുടെ അസ്വസ്ഥതകള്‍ക്ക് മറുപടി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് മതനേതൃത്വം ഗൗരവപൂര്‍വം ആത്മവിചാരണ നടത്തേണ്ടതുണ്ട്. സ്വന്തം അണികളായ ചെറുപ്പക്കാര്‍ തന്നെ അരുതാത്ത വഴികളില്‍ ചിന്തിക്കുമ്പോള്‍ ആഗോള തീവ്രവാദത്തിനെതിരെ ഉണ്ടയില്ലാ വെടിയുതിര്‍ക്കുന്ന വിവരദോഷികളായ കോമാളികള്‍തന്നെയാണ് ഇനിയും സമുദായത്തിലെ യുവജന സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നതെങ്കില്‍ നരിക്കാട്ടേരികള്‍ ഇനിയും സംഭവിക്കാതിരിക്കില്ല.
By C Davood - Madhyamam 03/05/2011
തീവ്രവതത്തിനെതിരെ സന്ധിയില്ല യുദ്ധം പ്രഖ്യാപിച്ച മുസ്ലിം ലീഗിലെ യുവ വൃദ്ധ പുളിക്കുട്ടികലായ കെ എം ഷാജി മഹാനായ സി എച്ചിന്റെ മഹാനായ മോന്‍ മുനീര്‍ എന്നിവരൊക്കെ ഈ ബോംബ് ഫാക്ടറിയില്‍ കാഞ്ഞുപോയ മഹാന്‍മാരെ ഏഎതു ഗ്രൂപ്പില്‍ പെടുത്തുമോ ആവോ, തിരുവനന്ടപുറത്തും കോഴിക്കോടും ഇരുന്നു മരിച്ചവരോന്നും 'ഞമ്മളുടെ ' ആളല്ല എന്ന് പറയാതെ നാദാപുരത്തെ ജനത്തിന്റെ മുന്നില്‍ വന്നു മരിച്ചവരെയും ഇപ്പോഴും ലീഗിന് വേണ്ടി ബോംബ് ഉണ്ടാക്കുന്നവരെ തള്ളിപ്പറയാന്‍ ധൈര്യമുണ്ടോ പ്രിയപ്പെട്ട "janaabath" സാഹിബുമാരെ???????
Tuesday, March 8, 2011
Subscribe to:
Posts (Atom)