Wednesday, January 13, 2010

കെ എസ് മനോജിന്റെ ഉള്‍വിളി

             അപ്പോള്‍ കുരിശിങ്കല്‍ പറഞ്ഞു: വിവേകികളേ നിങ്ങള്‍ എന്നെ കേള്‍ക്കുവിന്‍. അറിവുള്ളവരേ, തിരുത്തല്‍രേഖകൊണ്ട് മുറിവേറ്റ ഇവന്റെ വചനങ്ങള്‍ക്കു ചെവി തരുവിന്‍. എന്റെ ഹൃദയം അടച്ചുവെച്ച വീഞ്ഞുപോലെയായിരുന്നു ഇത്രയുംനാള്‍. ഇപ്പോള്‍ എന്നില്‍ വചനം നിറഞ്ഞിരിക്കുന്നു. ആശ്വസിപ്പാന്‍ എനിക്ക് തുറന്ന് സംസാരിക്കണം. നീതിമാനും നിര്‍ദോഷിയുമായ ഇവന്‍ ദുര്‍വൃത്തരുമായി ഇനി സംഘം ചേര്‍ന്ന്
നടക്കയില്ല. വൈകിയാണെങ്കിലും വൈരുധ്യാധിഷ്ഠിത ഭൌതികവാദം കൊണ്ടുനടക്കുന്നവര്‍ ദുര്‍വൃത്തരാണെന്ന് ഈയുള്ളവന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവരോടൊപ്പം നടന്ന് പാതാളത്തില്‍ പതിക്കാതെ പ്രാണന്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞ ഈയുള്ളവന്റെ ഹൃദയപരമാര്‍ഥത വിളംബരം ചെയ്യുന്ന വചനങ്ങള്‍ക്കു
കാതോര്‍ക്കുവിന്‍.
           കടലിനും കായലിനും മധ്യേ നീണ്ടുനിവര്‍ന്നു കിടക്കുന്ന കിഴക്കിന്റെ വെനീസാണ് എനിക്കു നീക്കിവെച്ച ദേശം. ആലപ്പുഴയുടെ ആകാശത്തിലെ എല്ലാ പറവകളെയും എനിക്കറിയാം. പ്രബല പുരുഷാരമുള്ള പാര്‍ട്ടിയോടൊപ്പം കഴിഞ്ഞത് അഞ്ചുകൊല്ലം. കണ്ണീരോടെ വിതയ്ക്കുന്നവന്‍ ആനന്ദാരവത്തോടെ കൊയ്യുന്ന കാലം വരുമെന്ന് അവരെപ്പോലെ ഞാനും കരുതി. അവരുടെ കൂടാരത്തില്‍ നിത്യമായി വസിപ്പാന്‍ ഞാനോ വിചാരിച്ചിട്ടില്ല. അവരുടെ ചിറകിന്‍ കീഴില്‍ അഭയം പ്രാപിക്കാന്‍ കാത്തിരുന്നതുമില്ല. അവരുടെ ഉള്ളം വരണ്ട നിലംപോലെ എനിക്കായി ദാഹിച്ചാറെ ഞാന്‍ അവിടേക്കു ചെന്നു. അവര്‍ എന്നെ വിളിച്ചത് ആദര്‍ശത്തിന്റെ വെളുത്ത അങ്കിയണിഞ്ഞ് നാലുതവണ ലോക്സഭ കണ്ട സുധീരനെ തോല്‍പിക്കാന്‍. പക്ഷി കാണ്‍കെ വല വിരിക്കുന്നത് നിഷ്ഫലമാകയാല്‍ അവര്‍ എന്നെ തേടിവന്നു. അഭയം അര്‍ഥിക്കുന്നവനുനേരെ മുഖം തിരിക്കുന്നത് നീതിമാന്റെ ലക്ഷണമല്ല. തേടുന്നവരെ ഉപേക്ഷിക്കുന്നതും ചിതമല്ല. അതുകൊണ്ട് ഞാന്‍ അവര്‍ക്കൊപ്പം നിന്നു. ബലവാനും ബലഹീനനുമിടയില്‍ സഹായത്തിന് നിന്നെപ്പോലെ മറ്റാരുമില്ല എന്നവര്‍ നിലവിളിച്ചു. അവരുടെ ഉപായങ്ങള്‍ എനിക്കറിയാമായിരുന്നു. ഞാന്‍ ലത്തീന്‍കത്തോലിക്ക സഭയുടെ കുഞ്ഞാട്. സഭയുടെ കുഞ്ഞാടുകള്‍ അനാദിയായ കാലം മുതല്‍ക്കേ കോണ്‍ഗ്രസിനു വോട്ടുകുത്തി ശീലിച്ചവര്‍. എന്നിലൂടെ കുഞ്ഞാടുകളുടെ വോട്ടുകള്‍ കൈക്കലാക്കുകയായിരുന്നു അവരുടെ ഉപായം.
             പോരിനിറങ്ങുമ്പോള്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആലപ്പുഴ രൂപത പ്രസിഡന്റായിരുന്നു.മല്‍സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാമുദായിക സംഘടനാ നേതാവ് എന്ന നിലയില്‍ മുന്നിട്ടിറങ്ങി. വി.എം. സുധീരന്‍ എന്ന ഉഗ്രസിംഹം ഇരകിട്ടാതെ നശിക്കണമെന്നായിരുന്നു അവരുടെ ചിന്ത. സര്‍ക്കാര്‍ മെഡിക്കല്‍കോളജിലെ പണികളഞ്ഞ് പാര്‍ട്ടിയംഗം പോലുമല്ലാത്ത ഈയുള്ളവന്‍ ഗോദയിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിലുള്ള നീതിമാന്മാര്‍ അന്നു നെറ്റി ചുളിച്ചു. വടക്കുദേശത്ത് മനോജ് കുരിശിങ്കല്‍ എന്നു വിളിച്ച് അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ വീട്ടിലെ കുഞ്ഞാടാണെന്ന് നാട്ടുകാരെ ഓര്‍മപ്പെടുത്താന്‍ പാര്‍ട്ടിക്കാര്‍ അന്ന് പ്രത്യേകം മനസ്സുവെച്ചു. തെക്കുദേശത്തെ മതേതരര്‍ക്കു വേണ്ടി ഡോ.കെ.എസ് മനോജ് എന്നുവിളിച്ചുകൊണ്ടും പ്രചാരണം നടത്തി. എങ്ങനെയായാലും ജയിക്കുമെന്ന സുധീരന്റെ പ്രത്യാശയെ ഒരു മരത്തെ എന്നപോലെ ഞാന്‍ പിഴുതെടുത്തുകളഞ്ഞു. ആയിരത്തി ഒമ്പത് വോട്ടിന് തോറ്റപ്പോള്‍ ആത്മാവില്‍ കൊടിയ വ്യസനം വന്ന് സുധീരന്‍ കരഞ്ഞു കരഞ്ഞു കട്ടില്‍ നനച്ചുവെന്നും കണ്ണീര്‍ കൊണ്ട് കിടക്ക കുതിര്‍ത്തുവെന്നും ആ വിലാപശബ്ദത്തില്‍ ആലപ്പുഴ വിറങ്ങലിച്ചുവെച്ചും ചരിത്രകാരന്മാര്‍ എഴുതിവെച്ചത് വായിച്ചിരിക്കുമല്ലോ.
            അങ്ങനെയാണ് ലോക്സഭയിലേക്ക് ജനങ്ങള്‍ വിധിച്ചതും ഉയരത്തില്‍ ഉപവിഷ്ടനായതും. ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ ഉണ്ടാകുന്നതിലധികം ആനന്ദം അത് ഹൃദയത്തില്‍ നിറച്ചു. മുഖസ്തുതി പറയുന്ന  ചുണ്ടുകളെയും ആത്മപ്രശംസ നടത്തുന്ന നാവുകളെയും വെറുക്കുന്നു. എങ്കിലും ഹൃദയവിശാലത കാരണം ഒരു  കാര്യം ഇവിടെ പറയാതിരിപ്പാന്‍ നിര്‍വാഹമില്ല. നാവുകൊണ്ടു വാഴാവുന്ന ലോക്സഭയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച സംസ്ഥാനത്തെ യുവ എം.പിമാരില്‍ ഈ കുരിശിങ്കലിന്റെ സ്ഥാനം ഒന്നാമതായിരുന്നു. കുട്ടനാട് കാര്‍ഷിക പാക്കേജ്, ചേര്‍ത്തല റെയില്‍വേ ബോഗി നിര്‍മാണ യൂനിറ്റ്, ആലപ്പുഴ കുടിവെള്ളപദ്ധതി,എം.പി ഫണ്ടിന്റെ കൃത്യമായ ഉപയോഗം^എല്ലാം ഈയുള്ളവന്റെ നേട്ടങ്ങള്‍. എന്റെ ചെയ്തികളെ ജനങ്ങളുടെ ഇടയില്‍ വര്‍ണിക്കുവാന്‍, എന്റെ പ്രഭാവത്തെ പാടി പ്രകീര്‍ത്തിക്കുവാന്‍ ഞാനാളല്ല. അതിന്റെ ഫലം എനിക്കു കിട്ടുക തന്നെ ചെയ്യും. ഉപകാരസ്മരണകള്‍ വേണ്ട വിധം കിട്ടാതിരുന്നില്ല. തുമ്പോളി ലോക്കല്‍ കമ്മറ്റിയംഗമായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെടുക്കുകയോ ജില്ലാസമ്മേളന പ്രതിനിധിയാക്കുകയോ ചെയ്തില്ല. നല്ലവനും പരമാര്‍ഥിയുമാകയാല്‍ അതൊന്നും ചോദ്യം ചെയ്യാന്‍ പോയില്ല. വി.എസ് എന്ന കാലഹരണപ്പെടാത്ത പുണ്യാളന്റെ പ്രിയശിഷ്യന്‍ എന്ന പേരുദോഷം ഉണ്ടായിരുന്നു. പക്ഷേ, അല്‍പസ്വല്‍പം കൌശലം അറിയുന്നതുകൊണ്ടും ആ പാര്‍ട്ടിയില്‍ അത് കൈവശംവെക്കേണ്ടത് ആവശ്യമായതുകൊണ്ടും രണ്ടു ഗ്രൂപ്പിനോടും തന്ത്രപരമായ അകലം പാലിച്ചു.
       അങ്ങനെയാണ് കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നെയും നറുക്കു വീണത്. സീറ്റു നിര്‍ണയചര്‍ച്ചയില്‍ രണ്ടാമതൊരു പേരു വരാതിരിക്കാന്‍ മറ്റൊന്നും വേണ്ടായിരുന്നു. എന്നിട്ടിപ്പോള്‍ നോക്കൂ, ഹൃദയപരമാര്‍ഥതയുള്ളവരെ ഇരുട്ടില്‍ എയ്യുന്നതിനുവേണ്ടി ദുഷ്ടര്‍ വില്ലു കുലച്ചിരിക്കുന്നു. ഞാണിന്മേല്‍ അമ്പു തൊടുത്തിരിക്കുന്നു. എന്റെ പാനപാത്രത്തിലെ പൊള്ളുന്ന കാറ്റായി ആ തിരുത്തല്‍രേഖ അവതരിച്ചിരിക്കുന്നു. അത് എന്റെ മേല്‍ കനല്‍ക്കട്ടയും ഗന്ധകവും വര്‍ഷിക്കുന്നു. സൌമ്യശീലര്‍ക്കെതിരെ അവര്‍ വ്യാജവചനങ്ങള്‍ ചമയ്ക്കുന്നു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മതവിശ്വാസത്തിന് അവര്‍ വിലക്ക്
ഏര്‍പ്പെടുത്തിയിരിക്കുന്നു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എനിക്ക് പാര്‍ട്ടി ഏര്‍പ്പെടുത്തിയ വിലക്കിന്റെ ന്യായം പിടികിട്ടുന്നില്ല. വിശ്വാസവും പാര്‍ട്ടിനയങ്ങളും തമ്മില്‍ ഒത്തു പോവുന്നില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ടു ജീവിച്ച അഞ്ചുവര്‍ഷം ഒരു ദൈവവിളിയായി കണക്കാക്കുന്നു. ഇപ്പോള്‍ ഒരു പിന്മടക്കത്തിന്റെ കാലമാണ്. അനവധി വിശ്വാസികള്‍ പാര്‍ട്ടിയില്‍ ഉണ്ട്. അവരുടെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു കൂടിയാണ് രാജി. അബ്ദുല്ലക്കുട്ടി ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ പോയതും വൈത്തീശ്വരനിലെ നാഡിജ്യോതിഷിയെ കണ്ടതും മത്തായിചാക്കോ അന്ത്യകൂദാശ സ്വീകരിച്ചിരുന്നുവെന്ന പള്ളിയുടെ വാദവും പാര്‍ട്ടി വെറുതെ തലവേദനയാക്കിയതാണ്. കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം പൂമൂടല്‍ കര്‍മം നിര്‍വഹിച്ചിട്ട് അധികകാലമായിട്ടില്ല. പ്രമാദമായ ആരോപണം തനിക്കെതിരെ ഉന്നയിച്ചതുപോലെയാണ് അന്ന് കോടിയേരി പ്രതികരിച്ചത്.ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് പറയുകയും ചെയ്തു.
        ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും എല്ലാ തീക്ഷ്ണയാഥാര്‍ഥ്യങ്ങളിലൂടെയും കടന്നുപോകുന്നവരെന്ന നിലയില്‍ പാരമ്പര്യമായി കൈവന്ന വിശ്വാസധാര അബോധതലത്തില്‍ വഹിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. അതൊരു കുറ്റമായി കാണാന്‍ കഴിയില്ല. ക്ലാസിക്കല്‍ കമ്യൂണിസത്തിന്റെ അയവില്ലാത്ത ഘടനയില്‍നിന്ന് വ്യവസ്ഥാപിത ഇടതുപക്ഷം പുറത്തുവന്നിട്ട് കാലമേറെയായി. പ്രത്യയശാസ്ത്ര നിലപാടുകളില്‍, സൈദ്ധാന്തിക അടിത്തറയില്‍നിന്നുള്ള പ്രകടമായ വ്യതിയാനങ്ങള്‍ ആവാമെങ്കില്‍ എന്തുകൊണ്ട് വിശ്വാസങ്ങളില്‍ അതു പാടില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. എന്നാണോ സി.പി.എം യാഥാര്‍ഥ്യത്തിലേക്കുണരുന്നത് അന്ന് മഹാസമൂഹത്തില്‍ വെച്ചു ഞാന്‍ പാര്‍ട്ടിക്കു സ്തോത്രം പറയും. പ്രബലമായ പുരുഷാരത്തില്‍നിന്ന് പാര്‍ട്ടിയെ സ്തുതിക്കും.
എഡിറ്റോറിയല്‍ (എന്നോടു നിലവിളിക്കുന്നു) - മാധ്യമം
Sunday, January 10, 2010

ഉത്തരാധുനിക വീക്ഷണം:
5 വര്‍ഷക്കാലം എം പി ആയിര്ക്കുംബോഴോ അധികാരത്തിന്റെ സുഖം അനുഭവിക്കുംബോഴോ രണ്ടാംവട്ടവും പാര്‍ട്ടി അവിടെ മത്സരിപ്പിച്ച്ചപ്പോഴോ അറിയാത്ത സി പി എമ്മിന്റെ മത വിദ്വേഷം രണ്ടാം വട്ടം മത്സരിച്ച് തോറ്റപ്പോ മാത്രമാണോ കെ എസ് മനോജിന് മനസ്സിലായത്‌.ശ്രദ്ദിക്കേണ്ട കാര്യം ഈ ഡോക്ടര്‍ 5 വര്‍ഷം മുന്‍പ് പാര്‍ട്ടി മല്സരിപ്പിച്ചതിന് ശേഷം മാത്രമാണ് മനോജ്‌ ഡോക്ടര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ്‌ എടുത്തതെന്നതാണ്. ശരിയാണ് എല്ലാംകൊണ്ടും സി പി എമ്മിനിപ്പോള്‍ കണ്ടകശ്ശനിയാണ്, എന്നാല്‍ ഈ അവസരത്തില്‍ തന്റെ വകയും ഇരിക്കട്ടെ ഒരു കൊട്ട് എന്നനിലക്കാണോ ഇപ്പോഴത്തെ പെര്‍ഫോമന്‍സ് എന്നത് സാധാരണ പൌരന്മാര്‍ ചിന്തിക്കുന്നുണ്ടാവും. അല്ലെങ്കില്‍ ഇപ്പൊ ഇങ്ങിനെ ഒരു കൊട്ട് കൊടുത്താല്‍ വേറെ വല്ലവരും വല്ല ഓഫറും തന്നിട്ടുണ്ടോ എന്ന് സാധാരണക്കാരന്‍ ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ ഡോക്ടര്‍ സാറേ. എന്തായാലും മതത്തിന്റെ പേരില്‍ ഒരു കടും പിടുത്തം സി പി എമ്മിനില്ല എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്, അത് അങ്ങനെ തന്നെ ആവുന്നതാണ് പാര്‍ട്ടിക്കും നല്ലത്‌.

3 comments:

Rajeev Prabhakar TVM said...

പുള്ളിക്കാരന്‍ ഒരു ഡോക്ടരാണെന്നാണറിവ്, എന്നിട്ടും പാര്‍ട്ടിയുടെ മതത്തോടുള്ള സമീപനം മനസ്സിലാക്കതെയാണോ പാര്‍ട്ടി ടിക്കറ്റില്‍ മല്സരിച്ച്ചതും, പിന്നെ പാര്‍ട്ടി മേമ്പര്ഷിപ്പെടുത്ത്തതും, അല്ലേലും അധികാരം കിട്ടുകയാണെങ്കില്‍ എന്ത് മതമില്ലായ്മ അല്ലെ. ഡോക്ടര്‍ സാറേ മലയാളികളെ അപ്പാടെ അങ്ങ് മന്ടന്മാരക്കാന്‍ നോക്കല്ലേ.

Anonymous said...

കൊള്ളാം, ലാല്‍സലാം സഖാവേ.

ബീഫ് ഫ്രൈ||b33f fry said...

പോകുന്നവര്‍ പോകട്ടെ. ഒരു അബ്ദുള്ളക്കുട്ടിയോ മനോജോ പോയാല്‍ നശിക്കുന്നതല്ല ഈ പ്രസ്ഥാനം. ഗൗരിയമ്മയും രാഘവനും പോയിട്ട് പോലും ഈ പ്രസ്ഥാനം പൂര്‍വ്വാധികം ശക്തിയോടെ നിലനില്‍ക്കുന്നു. ഗ്രഹണം അടുക്കുകയല്ലേ, ഒന്ന് പത്തി ചീറ്റി പ്രാക്ടീസ് ചെയ്യുകയായിരിക്കും ഡോക്ടര്‍ കുരിശിങ്കല്‍.