Monday, January 25, 2010

അവകാശപ്രഖ്യാപനത്തിലൂടെ മറനീക്കുന്ന ഹിന്ദുത്വ അജണ്ട

ശ്രീനാരായണ ധര്‍മപരിപാലന (എസ്.എന്‍.ഡി.പി) യോഗം ശ്രീനാരായണഗുരുവിന്റെ ധര്‍മം തന്നെയാണോ പരിപാലിക്കുന്നതെന്ന് സംഘടനക്കകത്തും പുറത്തും പലരും സംശയം ഉന്നയിച്ചുകേട്ടിട്ടുണ്ട്. ജാതി ചോദിക്കരുതെന്ന് ഉപദേശിച്ച ഗുരുവിന്റെ അനുയായികള്‍ എപ്പോഴും ജാതി മാത്രമാണ് പറയുന്നതെന്നതാണ് പുറത്തുള്ളവരുടെ മുഖ്യ ആരോപണം. എന്നാല്‍ എസ്.എന്‍.ഡി.പി മതദ്വേഷം ഉണ്ടാക്കുന്ന സംഘടനയാണെന്ന ആരോപണം ആരും ഇതുവരെ ഉന്നയിച്ചു കേട്ടിട്ടില്ല. പക്ഷേ 'പകരക്കാരനില്ലാത്ത അമരക്കാര'ന്റെ അപ്രമാദിത്വം സംഘടനയില്‍ സ്ഥാപിതമായതോടെ ഇക്കാലമത്രയും ദുര്‍ബലമായാണെങ്കിലും ജാതിവ്യവസ്ഥക്കും സവര്‍ണമേധാവിത്വത്തിനുമെതിരെ വിമര്‍ശമുന്നയിച്ചിരുന്ന എസ്.എന്‍.ഡി.പി യോഗം അതെല്ലാം ഏതാണ്ട് നിറുത്തി വിമര്‍ശത്തിന്റെ കുന്തമുന, 'സംഘടിത മതശക്തികള്‍'ക്കെതിരെ തിരിച്ചുവെക്കാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ നിവര്‍ത്തനപ്രക്ഷോഭത്തിന്റെ കാലത്തെ ഈഴവഫമുസ്‌ലിംഫക്രൈസ്തവസഖ്യത്തെ 'നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുക്കളു'ടെ ഐക്യം, 'നായര്‍ഫഈഴവ ഐക്യം' എന്നീ അസംബന്ധങ്ങളാല്‍ പ്രതിസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കല്‍ക്കൂടി (ആര്‍. ശങ്കറിന്റെ കാലത്തെ ഹിന്ദുമഹാ മണ്ഡലം ഓര്‍ക്കുക) ആരംഭിച്ചു. മാത്രമല്ല, 'ന്യൂനപക്ഷ പ്രീണന'ത്തിനെതിരായും 'ഭൂരിപക്ഷ സമുദായങ്ങള്‍' നേരിടുന്ന അവഗണനക്കെതിരെയും ഉള്ള വായ്ത്താരികള്‍ സംഘടനക്കകത്തും പുറത്തും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. അങ്ങനെ സംഘ്പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന പല വാദങ്ങളും അതേ രീതിയിലോ കൂടുതല്‍ ശക്തമായോ എസ്.എന്‍.ഡി.പിയും ഉയര്‍ത്തുന്നത് കണ്ടുതുടങ്ങി.
   ഈ പശ്ചാത്തലത്തില്‍, ഇന്നലെ കൊച്ചിയില്‍ നടന്ന യോഗത്തിന്റെ നാലാം അവകാശ പ്രഖ്യാപനസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രഖ്യാപനരേഖാ കരടിലെ 'ന്യൂനപക്ഷ' (വിശേഷിച്ചും മുസ്‌ലിം) വിരുദ്ധ പരാമര്‍ശങ്ങളില്‍ അദ്ഭുതപ്പെടാനില്ല. അവകാശപ്രഖ്യാപന രേഖയിലെ കണക്കുകളും വാദങ്ങളും തമ്മില്‍ പ്രകടമായ പൊരുത്തക്കേടുണ്ട്. എന്നാല്‍,മുഖ്യധാരാ മാധ്യമങ്ങള്‍ വളര്‍ത്തി വികസിപ്പിച്ച 'ന്യൂനപക്ഷ'വിരോധം സ്വാംശീകരിച്ചതുകൊണ്ട് അണികള്‍ ആ പൊരുത്തക്കേട് കാണാനോ, കണ്ടാല്‍ത്തന്നെ ചൂണ്ടിക്കാണിക്കാനോ സാധ്യതയില്ല. ആ പൊരുത്തക്കേട് മനസ്സിലാക്കിയാലേ എസ്.എന്‍.ഡി.പി യോഗം കെട്ടിപ്പൊക്കിയിരിക്കുന്ന 'ന്യൂനപക്ഷ' (മുസ്‌ലിം എന്നു വായിക്കുക) വിരോധത്തിന്റെ അടിത്തറ എത്രമാത്രം ദുര്‍ബലമാണെന്ന് അറിയാന്‍പറ്റൂ. അവകാശപ്രഖ്യാപന രേഖയിലെ പട്ടികകള്‍ പ്രകാരം കേരളത്തിലെ വിവിധ സമുദായങ്ങളുടെ ജനസംഖ്യ ഇപ്രകാരമാണ്.

സമുദായം                                           ജനസംഖ്യ ശതമാനത്തില്‍
ഈഴവര്‍                                             29
നായര്‍                                               12
മുസ്‌ലിംകള്‍                                         23
ക്രിസ്ത്യാനികള്‍
(സുറിയാനികളും ലത്തീനും ഉള്‍പ്പെടെ)          17
മറ്റുള്ളവര്‍ (ദലിതര്‍, ആദിവാസികള്‍,
മറ്റ് സവര്‍ണര്‍, മറ്റ് ഒ.ബി.സികള്‍
മുതല്‍ പേര്‍)                                        19
ആകെ                                              100

ഈ കണക്ക് എവിടെനിന്ന് എന്നറിയില്ല. ജാതിതിരിച്ച് സെന്‍സസ് എടുക്കുന്ന ഏര്‍പ്പാട് ഭാരതസര്‍ക്കാര്‍ 1931നുശേഷം നിറുത്തിയതിനാല്‍ സര്‍ക്കാര്‍രേഖകളില്‍ നിന്ന് ജാതിക്കണക്ക് ലഭ്യമാവില്ല. അതിനാല്‍ ഓരോ സമുദായവും തോന്നിയപോലെ കണക്ക് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെവരുമ്പോള്‍ സ്വന്തം ജനസംഖ്യ അല്‍പം പെരുപ്പിച്ചുകാണിക്കുന്നത് സ്വാഭാവികം. പക്ഷേ, മതം തിരിച്ചും പട്ടികജാതിഫപട്ടികവര്‍ഗം തിരിച്ചും കണക്ക് ലഭ്യമായതിനാല്‍ മുസ്‌ലിം, ക്രിസ്ത്യന്‍, എസ്.സിഫഎസ്.ടി കണക്കുകളില്‍ അഭ്യാസം പറ്റില്ല. എന്നാല്‍, ഇവിടെ അതിലും കള്ളത്തരം കാണിച്ചിരിക്കുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ ജനസംഖ്യ എസ്.എന്‍.ഡി.പി കുറച്ചു കാണിച്ചിരിക്കുന്നു. സെന്‍സസ് അനുസരിച്ച് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 24.75% ആണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2004ലെ 'കേരളപ~ന'മനുസരിച്ചാണെങ്കില്‍ അത് 26.88 ശതമാനമാണ്, ഈഴവര്‍ 22.91 ശതമാനവും, ക്രൈസ്തവജനസംഖ്യ, സെന്‍സസ് അനുസരിച്ച് 19.02%വും പരിഷത്ത് പ~നമനുസരിച്ച് 18.33% വും ആണ് (എസ്.എന്‍.ഡി.പിയുടെ കണക്കിലെന്ന പോലെ ലത്തീന്‍ഫദലിത് ക്രൈസ്തവര്‍ എത്ര ശതമാനമാണുള്ളതെന്ന് ഈ രണ്ടു കണക്കുകളിലും ഇല്ല). അതവിടെ നില്‍ക്കട്ടെ. എസ്.എന്‍.ഡി.പി നല്‍കിയ കണക്കുകള്‍ അനുസരിച്ചുതന്നെ മുസ്‌ലിംകളുടെ പ്രാതിനിധ്യക്കണക്കുകള്‍ പരിശോധിച്ചുനോക്കാം.

മുസ്‌ലിംപ്രാതിനിധ്യം
എയ്ഡഡ്‌മേഖലയിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ജനസംഖ്യാനുപാതികമായി ഈഴവര്‍ക്ക് 49ഉം മുസ്‌ലിംകള്‍ക്ക് 39ഉം ലഭിക്കേണ്ടതാണ്. ക്രൈസ്തവര്‍ക്ക് 29ഉം നായന്‍മാര്‍ക്ക് 20ഉം മറ്റുള്ളവര്‍ക്ക് 32ഉം ലഭിക്കണം. എന്നാല്‍ ലഭിച്ചത് ഈഴവര്‍ക്ക് 18 (ഫ31), മുസ്‌ലിംകള്‍ക്ക് 39 (കൂടുതലോ കുറവോ ഇല്ല), ക്രൈസ്തവര്‍ക്ക് 47 (+49), നായന്‍മാര്‍ക്ക് 20 (കൂടുതലോ കുറവോ ഇല്ല), മറ്റുള്ളവര്‍ക്ക് 14 (ഫ18) എന്നിങ്ങനെയാണ്. എയ്ഡഡ് സ്‌കൂളുകളുടെ, സമുദായം തിരിച്ച പട്ടികയനുസരിച്ച് ക്രിസ്ത്യാനികള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ജനസംഖ്യ പ്രകാരം കിട്ടേണ്ടതിനേക്കാള്‍ കുറവാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും കുറവ് ഈഴവര്‍ക്കുതന്നെ. സ്വന്തമായി സ്‌കൂളുകള്‍ എന്ന 'ആഡംബര'ത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും(?) അവകാശമില്ലാത്ത ദലിതരെയും മറ്റും രേഖ പരിഗണിച്ചിട്ടേയില്ല.
ക്രൈസ്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ലഭിച്ചതിന്റെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങള്‍, വിശേഷിച്ച് മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷ് ഭരണം വഹിച്ച പങ്കും വിശകലനം ചെയ്യാതെ ഏകപക്ഷീയമായി 'ന്യൂനപക്ഷങ്ങളെ' കുറ്റം പറയുന്ന സമീപനം അശാസ്ത്രീയമായി സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ദൃഷ്ടാന്തമായെടുക്കാം. വാസ്തവത്തില്‍, 'ന്യൂനപക്ഷ്രപീണനം' പറഞ്ഞ് ഒച്ചവെക്കുന്ന എസ്.എന്‍.ഡി.പി തെളിവായി നല്‍കുന്ന കണക്കുകള്‍ മുഴുവന്‍ സവര്‍ണപ്രീണനത്തിന്‍േറതാണ്. സുറിയാനികളെ സവര്‍ണരായി കാണുന്നതിനു പകരം മതാടിസ്ഥാനത്തില്‍ വിശേഷിപ്പിക്കുന്നതുതന്നെ 'ജാതി' എന്ന 'എത്‌നിക് ഐഡന്റിറ്റി'യെ കുറിച്ച് ശരിയാംവണ്ണം എസ്.എന്‍.ഡി.പി മനസ്സിലാക്കിയിട്ടില്ല എന്നാണ് സൂചിപ്പിക്കുന്നത്.

രാഷ്ട്രീയ പ്രതിനിധ്യം
'രാഷ്ട്രീയാധികാരം ഇല്ലായ്മയാണ് അവസരസമത്വത്തിലുള്ള പ്രധാന പ്രതിബന്ധം' എന്ന തിരിച്ചറിവുള്ള, 1945ലെ ആദ്യ അവകാശ പ്രഖ്യാപനം ഈ രേഖയിലും എസ്.എന്‍.ഡി.പി എടുത്തുചേര്‍ത്തിട്ടുണ്ട്. ആ രാഷ്ട്രീയാധികാരത്തില്‍ വിവിധ സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പട്ടികകളായി നല്‍കിയിട്ടുമുണ്ട്. അതുപ്രകാരം കേരള നിയമസഭയില്‍ ഈഴവര്‍, നായന്‍മാര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍, മറ്റുള്ളവര്‍, ഇവര്‍ക്ക് ജനസംഖ്യാനുപാതികമായി കിട്ടേണ്ട എം.എല്‍.എമാരുടെ എണ്ണം യഥാക്രമം 41, 17, 23, 32, 27 എന്നിങ്ങനെയാണ്. എന്നാല്‍ ലഭിച്ചത് യഥാക്രമം 30,30,29,26,25 എന്നിങ്ങനെയും. നായന്‍മാര്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതല്‍ ലഭിച്ചു. നായര്‍ക്ക് 13 എണ്ണവും ക്രിസ്ത്യാനിക്ക് 6 എണ്ണവും. ഈഴവര്‍ക്ക് 11 എണ്ണവും മുസ്‌ലിംകള്‍ക്ക് 6 എണ്ണവും മറ്റുവര്‍ക്ക് രണ്ടെണ്ണവും കുറവുണ്ട്. എന്നാല്‍, 6 പേര്‍ കുറവുള്ള മുസ്‌ലിമിനെയും 6 എണ്ണം കൂടുതലുള്ള (സുറിയാനി) ക്രിസ്ത്യാനിയേയും 'ന്യൂനപക്ഷങ്ങള്‍' എന്ന ലേബലില്‍ ചേര്‍ത്തുപറഞ്ഞ് ബോധപൂര്‍വം(?) ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് രേഖ.
സ്ഥാനാര്‍ഥികളെ നിറുത്തുമ്പോള്‍ ഇരുമുന്നണികളും ജനസംഖ്യ കണക്കിലെടുക്കുന്നില്ല എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍, എങ്ങനെ കൂട്ടിയാലും കുറച്ചാലും സുറിയാനിഫനായര്‍ സ്ഥാനാര്‍ഥികള്‍ ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലുണ്ടാകും എപ്പോഴും. എന്നാല്‍, കഴിഞ്ഞ പ്രാവശ്യം നായര്‍ ജനസംഖ്യ പ്രകാരം നല്‍കേണ്ട സീറ്റുകള്‍ എല്‍.ഡി.എഫ് അവര്‍ക്ക് നല്‍കിയിരുന്നില്ല. എന്നിരുന്നാലും ജയിച്ചു വരുമ്പോള്‍, ഇരുമുന്നണികളിലുമായി അവര്‍ക്ക് ജനസംഖ്യ അനുസരിച്ച് ലഭിക്കാനുള്ളതിലും കൂടുതല്‍ കിട്ടിയിട്ടുണ്ടാകും. മറിച്ച് പിന്നാക്കക്കാര്‍ക്ക് അത് ലഭിച്ചിട്ടുണ്ടാവില്ല. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഇരുമുന്നണികളും ചേര്‍ന്ന് 59 ഈഴവ സ്ഥാനാര്‍ഥികളെയും 53 മുസ്‌ലിം സ്ഥാനാര്‍ഥികളെയുമാണ് മല്‍സരരംഗത്തിറക്കിയത്. അതില്‍ യഥാക്രമം 30 (50.8%), 26 (49%) ഇങ്ങനെയായിരുന്നു വിജയം. 'വര്‍ഗീയ'സംഘടനയായ മുസ്‌ലിംലീഗ് ഇല്ലായിരുന്നെങ്കില്‍ മുസ്‌ലിം എം.എല്‍.എമാര്‍ പിന്നെയും വളരെ കുറയുമായിരുന്നു എന്നോര്‍ക്കണം. (ലീഗ് പിരിച്ചുവിട്ട് മുസ്‌ലിംകള്‍ 'മതേതര'സംഘടനകളില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത് എന്ന് ദേശീയവാദികളും കമ്യൂണിസ്റ്റുകളും പേര്‍ത്തും പേര്‍ത്തും പറയുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴെങ്കിലും പിടികിട്ടിയോ?) സുറിയാനികളെ സവര്‍ണരായി കാണാതെ ക്രിസ്ത്യാനികളായി മാത്രം വിലയിരുത്തുന്ന അതേ അബദ്ധമാണ്, മുസ്‌ലിംകളെ പിന്നാക്കസമുദായമായി കണക്കാക്കി കൂടെ നിര്‍ത്തേണ്ടതിന് പകരം 'ന്യൂനപക്ഷ'മായി മുദ്രകുത്തി അകറ്റിനിര്‍ത്തുന്നതിലൂടെ എസ്.എന്‍.ഡി.പി ആവര്‍ത്തിക്കുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലും മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട എം.പിമാരെ ലഭിച്ചിട്ടില്ല. 4ഫ5 പേരെ ലഭിക്കേണ്ട സ്ഥാനത്ത് കേവലം 3 പേരെ മാത്രമേ കേരളം ജയിപ്പിച്ചുള്ളൂ (എതിരാളികള്‍ അമുസ്‌ലിംകളായ എല്ലാ മണ്ഡലങ്ങളിലും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു എന്നത് യാദൃച്ഛികമായിരിക്കാം). എന്നാല്‍ 'ദില്ലി നായര്‍' ഉള്‍പ്പെടെ നായന്‍മാര്‍ അഞ്ചുപേര്‍ പാര്‍ലമെന്റിലെത്തി; സുറിയാനികള്‍ 4 പേരും. ഈഴവര്‍ക്കും വലിയ പ്രാതിനിധ്യക്കുറവില്ലഫ5 എം.പിമാരെ ലഭിച്ചു. ചുരുക്കത്തില്‍ ഒരു വശത്ത് ഈ കണക്കുകള്‍ നല്‍കുകയും മറുവശത്ത് കടകവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി അണികളില്‍ മുസ്‌ലിം വിരോധം വളര്‍ത്താനും ശ്രമിക്കുന്നതിലൂടെ മറനീക്കുന്നത് എസ്.എന്‍.ഡി.പിയുടെ ഹിന്ദുത്വ അജണ്ടയാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല.

എന്തുകൊണ്ട് മുസ്‌ലിം വിരോധം?
അവകാശ പ്രഖ്യാപന രേഖയില്‍ നല്‍കിയ പട്ടികകള്‍ പ്രകാരം മുസ്‌ലിംകള്‍ക്ക് ഒരുരംഗത്തും അവകാശപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സീറ്റുകളോ സ്ഥാനങ്ങളോ ലഭിച്ചിട്ടില്ല. പല സ്ഥലത്തും ഈഴവരേക്കാള്‍ പിന്നിലാണ് അവരുടെ സ്ഥാനം. ആകെ കൂടുതലുള്ളത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം മാത്രമാണ്. അതും അവര്‍ക്ക് അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ അല്ല. എയ്ഡഡ്‌മേഖലയിലെ സ്‌കൂളുകളുടെ എണ്ണം വരുമ്പോള്‍ അവര്‍ക്ക് 238ന്റെ കുറവാണ് എസ്.എന്‍.ഡി.പി രേഖതന്നെ ചൂണ്ടിക്കാണിക്കുന്നത്. വസ്തുതകള്‍ ഇതൊക്കെയായിരിക്കെ 'മുഖ്യധാരാ' മാധ്യമങ്ങളെ അനുകരിച്ച് എസ്.എന്‍.ഡി.പിയും മുസ്‌ലിംകള്‍ക്കെതിരെ അണികളെ എരിവുകേറ്റാന്‍ ശ്രമിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണ്? ലൗ ജിഹാദ് മുതല്‍ സൂഫിയ മഅ്ദനി വരെയുള്ള വിഷയത്തില്‍ സംഘ് പരിവാര്‍ ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്?
അവസാനമായി ഒരു ചോദ്യം കൂടി: അവകാശപ്രഖ്യാപനരേഖയില്‍ പലയിടത്തും കാണുന്ന ഒരു പ്രയോഗമാണ് 'ഭൂരിപക്ഷ സമുദായങ്ങള്‍' എന്നത്. എന്താണ് എസ്.എന്‍.ഡി.പി ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്? സംഘ്പരിവാര്‍ പറയുന്ന 'ഭൂരിപക്ഷ സമുദായം' തന്നെയാണോ യോഗവും വിവക്ഷിക്കുന്നത്? അങ്ങനെയെങ്കില്‍ ഈ 'ഭൂരിപക്ഷസമുദായങ്ങളി'ല്‍ നായര്‍, അമ്പലവാസി, നമ്പൂതിരി മുതലായ സവര്‍ണ(മുന്നാക്ക)സമുദായങ്ങളും ഉള്‍പ്പെടുന്നുണ്ടാവുമല്ലോ! അവര്‍ക്ക് ഈഴവര്‍ക്കോ മറ്റ് ഒ.ബി.സികള്‍ക്കോ ഉള്ള എന്തെങ്കിലും അവശതകള്‍ ഉണ്ടോ എന്ന് എസ്.എന്‍.ഡി.പി വ്യക്തമാക്കണം. ഇല്ലെന്നാണ് ഉത്തരമെങ്കില്‍, അവരെയും കൂട്ടി ഇങ്ങനെ ഒരു പ്രയോഗം അവതരിപ്പിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്?


Saturday, January 23, 2010
സുദേഷ് എം.ആര്‍. - മാധ്യമം
ഉത്തരാധുനിക വീക്ഷണം:
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് ഗുരുവചനം, ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് പറയാന്‍

No comments: